കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. നിർണായകമായ മൂന്നാം മത്സരത്തിൽ 53 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ 2 -1 പരമ്പരയും അവർ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 357/3 ശ്രീലങ്ക 304 (46.4).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും (111) ഹാരി ബ്രൂക്കും (66 ബോളിൽ 136) സെഞ്ചുറിയും ജേക്കബ് ബെഥേൽ (65) അർധ സെഞ്ചുറിയും നേടി. ഒമ്പതു സിക്സും പതിനൊന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലങ്കയ്ക്ക് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് അവർക്ക് തിരിച്ചടിയായത്. 121 റൺസ് നേടിയ പവൻ രത്നായകെയാണ് അവരുടെ ടോപ് സ്കോറർ. പതും നിസാങ്ക (50) അർധസെഞ്ചുറി നേടി.
ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ജാമി ഓവർട്ടണും ലിയാം ഡോസണും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാരി ബ്രൂക്കിനെ കളിയിലെ താരമായും ജോ റൂട്ടിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.